ചന്ദ്രയാൻ -3 ന് എൻസിഇആർടി പത്ത് പ്രത്യേക മൊഡ്യൂളുകൾ സൂക്ഷ്മമായി തയ്യാറാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം. 'സയൻസ് മിത്തോളജിയുമായി കലർത്തുന്നത്' എന്ന ചില മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ശാസ്ത്രവും സാങ്കേതികവും സാംസ്കാരികവും സാമൂഹികവുമായ വശങ്ങൾ ഉൾക്കൊള്ളുന്ന ചാന്ദ്രയാൻ ദൗത്യത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള മൊഡ്യൂളുകൾ തയ്യാറാക്കിയത്.പരമ്പരാഗത പാഠപുസ്തകങ്ങളെ മറികടക്കുന്ന അറിവുകൾ നൽകി അധ്യാപകരെയും വിദ്യാർത്ഥികളെയും സജ്ജമാക്കേണ്ടത് പ്രധാനമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ചാന്ദ്രയാൻ നേട്ടങ്ങളിൽ രാജ്യത്ത് അഭിമാനബോധം വളർത്തുകയാണ് ഈ ശ്രമത്തിൻ്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസ സമൂഹത്തിന് ലഭ്യമാവുന്നതും ആകർഷകവുമായ രീതിയിൽ രാജ്യത്തിൻ്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പാഠ്യവിഷയങ്ങൾ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൊഡ്യൂളുകളിലെ ഉള്ളടക്കം സംവേദനാത്മകമായി രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അതിൽ ഗ്രാഫിക്സ്, ഫോട്ടോഗ്രാഫുകൾ, ചിത്രീകരണങ്ങൾ, പ്രവർത്തനങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൊഡ്യൂളുകൾ 1 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് ഉപകരിക്കും.