ടൊറന്റോയില്‍ ലിഥിയം-അയേണ്‍ ബാറ്ററി മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ കുത്തനെ വര്‍ധിച്ചു 

By: 600002 On: Oct 25, 2023, 11:30 AM

 

 

ലിഥിയം-അയേണ്‍ ബാറ്ററികള്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ ടൊറന്റോയില്‍ വര്‍ധിച്ചതായി ടൊറന്റോ ഫയര്‍ സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മൊബിലിറ്റി ഉപകരണങ്ങളില്‍ ഇത്തരത്തിലുണ്ടാകുന്ന തീപിടുത്തങ്ങള്‍ 72 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉയര്‍ന്നുവരുന്ന സുരക്ഷാ പ്രശ്‌നങ്ങളിലേക്കും ഇത് പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിലേക്കും വിരല്‍ ചൂണ്ടുന്നു. സമീപകാലത്തായി സിറ്റിയിലെ യോംഗിനും ചര്‍ച്ച് സ്ട്രീറ്റിനും സമീപം ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചിരുന്നു. പുക ശ്വസിച്ച രണ്ട് പേരെ അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം ടൊറന്റോയില്‍ ലിഥിയം അയേണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട 29 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 50 തീപിടുത്തങ്ങളാണ് ഉണ്ടായത്. ഉപകരണങ്ങള്‍ ശരിയായി സൂക്ഷിക്കാതിരിക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടാകുന്നത്. ഇലക്ട്രിക് ബൈക്കിലെ പവര്‍ വര്‍ധിപ്പിക്കാന്‍ ബാറ്ററി ശേഷി ഇരട്ടിയാക്കുന്നവരുണ്ട്, എന്നാല്‍ ഇങ്ങനെ ചെയ്താല്‍ ഉപകരണത്തിന് അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരികയും പൊട്ടിത്തെറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടൊറന്റോ പയര്‍ സര്‍വീസസ് ഡെപ്യൂട്ടി ചീഫ് ലാറി കോക്കോ പറയുന്നു. സുരക്ഷിതമായി, ശ്രദ്ധയോടെ ലിഥിയം അയേണ്‍ ബാറ്ററി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.