ഹമാസ് ലോകത്തിന് ഭീഷണിയാണെന്നും തുടച്ചുനീക്കണമെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രി 

By: 600002 On: Oct 25, 2023, 9:16 AM

 

 

ഹമാസ് എന്ന തീവ്രവാദ സംഘടന ലോകത്തിന് തന്നെ ഭീഷണിയാണെന്നും ഇതിനെ തുടച്ചുനീക്കണമെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളെ ഹമാസ് മാനിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ബ്ലെയര്‍ പറഞ്ഞു. ഇതിനിടെ ഗാസ മുനമ്പിലേക്ക് കൂടുതല്‍ സഹായം ലഭിക്കുന്നതിനുള്ള അടിയന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം ആവശ്യമാണെന്നാണ് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ അടക്കമുള്ളവരുടെ ആവശ്യം.

അതേസമയം, ഹമാസിനെ തീവ്രവാദ സംഘടനയായി കാനഡ മുദ്ര കുത്തി. കനേഡിയന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ഗാസയില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ മാനുഷിക സഹായവും സമ്പൂര്‍ണ വെടിനിര്‍ത്തലും ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. മേഖലയിലെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അടക്കം സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു.