ഒന്റാരിയോയിലെ സൂ സെന്റ് മരിയയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു 

By: 600002 On: Oct 25, 2023, 8:46 AM

 

 


ഒന്റാരിയോയിലെ സൂ സെയ്ന്റ് മരിയയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് വീടുകളിലാണ് വെടിവെപ്പുണ്ടായതെന്ന് സൂ സെയ്ന്റ് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മരിയയിലെ ടാന്‍ക്രഡ് സ്ട്രീറ്റിലെ 200 ബ്ലോക്കില്‍ വെടിവെപ്പുണ്ടായത്. വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയതായി റിപ്പോര്‍ട്ട് ലഭിച്ചതായി പോലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് 41 വയസ്സുള്ള ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ അക്രമി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. 

ഏകദേശം 10 മിനിറ്റിന് ശേഷം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സെക്കന്‍ഡ് ലൈന്‍ ഈസ്റ്റിലെ 200 ബ്ലോക്കിലുള്ള വീട്ടില്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇവിടെ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ 45 വയസ്സുകാരനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വീടിനുള്ളില്‍ ആറ്, ഏഴ്, പന്ത്രണ്ട് വയസ്സുളള മൂന്ന് കുട്ടികളെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ നിന്ന് തന്നെ 44 വയസ്സുള്ള അക്രമിയെ സ്വയം വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു.