സമൂഹത്തിലെ സൗഹാർദത്തിന് ഹാനികരമാകുന്ന ജാതീയതയും പ്രാദേശികതയും പോലുള്ള വികലതകൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവർക്കും തുല്യ അവകാശമുള്ള, സ്വാശ്രയത്വമുള്ള വികസിത ഇന്ത്യയാക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ദ്വാരകയിൽ ദസറ ആഘോഷ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവൺ ദഹൻ എന്നത് കോലം കത്തിക്കുന്നത് മാത്രമല്ല, ജാതീയതയുടെയും പ്രാദേശികതയുടെയും പേരിൽ മാഭാരതിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെയാകണം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും ഏറ്റവും വിശ്വസനീയമായ ജനാധിപത്യ രാജ്യമായും വളർന്നു കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമാണ് ഈ ഉത്സവമെന്ന് പറഞ്ഞ മോദി എല്ലാവർക്കും നവരാത്രി, വിജയദശമി ആശംസകൾ നേർന്നു. വിജയദശമി ദിനത്തിൽ ശാസ്ത്ര പൂജയുടെ പാരമ്പര്യമുണ്ടെന്നും ഇന്ത്യൻ മണ്ണിൽ ആയുധങ്ങളെ ആരാധിക്കുന്നത് ഒരു ദേശത്തും ആധിപത്യം സ്ഥാപിക്കാനല്ല, സ്വന്തം ഭൂമി സംരക്ഷിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ശക്തി പൂജ ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.