അന്താരാഷ്ട്ര തലത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ക്ക് പ്രവിശ്യയില്‍ അക്രഡിറ്റേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിയമനിര്‍മാണം ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ അവതരിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ പ്രവിശ്യയില്‍ രൂക്ഷമാകുന്ന വിദഗ്ദ തൊഴിലാളി ക്ഷാമം നേരിടാനുള്ള പരിഹാരമാര്‍ഗമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന നിയമനിര്‍മാണം. കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യകത ഇല്ലാതാക്കുക, അനാവശ്യമായ ഭാഷാ പരിശോധനകള്‍ നീക്കം ചെയ്യുക, ക്രെഡന്‍ഷ്യലിംഗ് മൂല്യനിര്‍ണ്ണയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക, ക്രെഡന്‍ഷ്യലുകള്‍ പ്രോസസ് ചെയ്യുന്നതിന് സമയ പരിധികള്‍ നിശ്ചയിക്കുക തുടങ്ങിയവയാണ് പുതിയ നിയമനിര്‍മാണം ലക്ഷ്യമിടുന്നത്.
പ്രവിശ്യയില്‍ അടുത്ത ദശകത്തില്‍ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ട്, അവയില്‍ മൂന്നിലൊന്നെങ്കിലും ബീസിയില്‍ പുതുതായി വരുന്നവര്‍ക്കായി നല്‍കിയില്ലെങ്കില്‍ തസ്തികകല്‍ നികത്താനാകില്ലെന്ന് പ്രീമിയര്‍ ഡേവിഡ് എബി നിയമനിര്‍മാണം അവതരിപ്പിച്ചുകൊണ്ട് പറയുന്നു. പുതിയ നിയമനിര്‍മാണം പാസായാല്‍ അടുത്ത സമ്മര്‍സീസണില്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
അധ്യാപകര്‍, ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സ് തുടങ്ങിയവരുള്‍പ്പെടെ 29 തൊഴില്‍ മേഖലകള്‍ക്ക് നിര്‍ദ്ദിഷ്ട നിയമനിര്‍മാണം ബാധകമാണ്. എഞ്ചിനിയര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മൃഗ ഡോക്ടര്‍മാര്‍, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്‌സ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, അഭിഭാഷകര്‍ എന്നീ മേഖലകളില്‍ വിദഗ്ധ ജോലിക്കാര്‍ക്ക് പ്രവേശിക്കാം. അതേസമയം, പട്ടികയില്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടില്ല.