മധ്യേഷയിലെ സംഘര്‍ഷങ്ങള്‍ക്കെതിരെ കാല്‍ഗറിയില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കാല്‍ഗറി പോലീസ് സര്‍വീസ് അറിയിച്ചു. നഗരത്തില്‍ ഒളിമ്പിക് പ്ലാസയില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. നേരത്തെയും ഇവിടെ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പ്രകടനങ്ങള്‍ നടന്നിരുന്നു. സമാധാന ലംഘനത്തിനും ഒരാള്‍ക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് അറിയിച്ചു.
ഞായറാഴ്ച ഏകദേശം 330 പേര്‍ പലസ്തീനിനും ഇസ്രയേലിനും പിന്തുണ അറിയിക്കാന്‍ ഒളിമ്പിക് പ്ലാസയില്‍ ഒത്തുകൂടിയിരുന്നു. അക്രമ സംഭവങ്ങളുണ്ടായതോടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുകൂട്ടരോടും പ്രദേശമൊഴിയാന്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള ചാര്‍ട്ടര്‍ അവകാശങ്ങള്‍ അനുവദിക്കും, എന്നാല്‍ സമാധാനത്തോടെ ആക്രമണങ്ങള്‍ ഒഴിവാക്കി വേണം പ്രതിഷേധിക്കാനെന്ന് കാല്‍ഗറിയിലെ ജനങ്ങളെ ഓര്‍മിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.