കനേഡിയന്‍ പെന്‍ഷന്‍ പ്ലാനില്‍ തുടരാന്‍ ആല്‍ബെര്‍ട്ടയിലെ ജനങ്ങളെ പ്രോത്സാഹിപ്പിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിവ്‌റെ. റിട്ടയര്‍മെന്റ് സേവിംഗ് പ്രോഗ്രാമില്‍ നിന്നും പുറത്തുകടക്കാനുള്ള ചര്‍ച്ചകള്‍ ആല്‍ബെര്‍ട്ട തുടരുന്നതിനിടെയാണ് നിര്‍ദ്ദേശവുമായി പിയറി പൊയ്‌ലിവ്‌റെ രംഗത്തെത്തുന്നത്. സിപിപിയിലെ ഇന്നത്തെ വിഭജനം പൂര്‍ണമായും ജസ്റ്റിന്‍ ട്രൂഡോ ആല്‍ബെര്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥയെ ആക്രമിച്ചതിന്റെ ഫലമാണെന്ന് പൊയ്‌ലിവ്‌റെ ഇമെയില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ എല്ലാ പ്രവിശ്യകളോടും നീതിപൂര്‍വ്വം പെരുമാറുകയും നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ ആല്‍ബെര്‍ട്ടയെ അതിന്റെ വിഭവങ്ങള്‍ വികസിപ്പിക്കാന്‍ സ്വതന്ത്രമാക്കുകയും ചെയ്തുകൊണ്ട് ആല്‍ബെര്‍ട്ടക്കാര്‍ക്കും എല്ലാ കനേഡിയന്‍ പൗരന്മാര്‍ക്കുമായി സിപിപി സംരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് പൊയ്‌ലിവ്‌റെ പറഞ്ഞു.