അന്റാര്‍ട്ടിക്കയിലെ സീ ഐസ് 1986 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കാല്‍ഗറിയിലെ മലയാളി ഗവേഷകന്റെ കണ്ടെത്തല്‍ 

By: 600002 On: Oct 23, 2023, 11:04 AM

 

 

അന്റാര്‍ട്ടിക്കയില്‍ സീ ഐസ് 1986 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കാല്‍ഗറിയിലെ മലയാളി ഗവേഷകനായ വിഷ്ണു നന്ദന്‍. കഴിഞ്ഞ എട്ട് മാസമായി അന്റാര്‍ട്ടിക്കയിലെ കടലിലെ മഞ്ഞുപാളികളെക്കുറിച്ച് പഠിക്കുകയാണ് വിഷ്ണു നന്ദന്‍. കാലാവസ്ഥാ വ്യതിയാനം ഈ മേഖലയില്‍ എത്ര വലിയ സ്വാധീനം ചെലുത്തിയെന്ന് താന്‍ നേരിട്ട് കണ്ടതായി വിഷ്ണു പറയുന്നു. കാല്‍ഗറി സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റ് ആയ വിഷ്ണു നന്ദന്‍, മാനിറ്റോബ സര്‍വകലാശാലയിലെ റോബി മാലറ്റിനൊപ്പം റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് അന്റാര്‍ട്ടിക്കയിലെ സീ ഐസിന്റെ കനം അളക്കുന്നത് മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് പഠിക്കുകയാണ്. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കയിലെയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനം ഉപഗ്രഹങ്ങള്‍ വഴിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. 

ഐസിന്റെ കനം കണക്കാക്കിയാണ് ഗവേഷകര്‍ നിഗമനങ്ങളിലേക്ക് എത്തിയിരുന്നത്. 2050 ഓടെ ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കയിലെയും ഐസ് പാളികള്‍ ഉരുകി ഇല്ലാതാവുമെന്നാണ് ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിഷ്ണു നന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഇത് തിരുത്തിയെഴുതി. 

ഐസ് പാളികളുടെ നാശത്തിന് 2050 വരെ കാത്തിരിക്കേണ്ടതില്ലന്നതാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍. 2030 ഓടുകൂടി ഇത് സംഭവിക്കും. ഉപഗ്രഹങ്ങള്‍ വഴിയുള്ള കണ്ടെത്തല്‍ തെറ്റായിരുന്നുവെന്നും വിഷ്ണുവും സംഘവും സ്ഥാപിച്ചു. 
DEFIANT - Drivers and Effects of fluctuations in sea Ice in Antarctic എന്ന പേരില്‍ ഒരു ബ്രിട്ടീഷ് അധിഷ്ഠിത പദ്ധതിയുടെ ഭാഗമാണ് ഗവേഷണം.