ഗാസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ അല്ലെന്നും ഹമാസിന്റെ ലക്ഷ്യം തെറ്റിയ മിസൈലുകളാണെന്നുമുള്ള ഇസ്രയേലിന്റെ വാദത്തെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഫ്രാന്‍സിനും ഒപ്പം കാനഡയും കൂടി ചേര്‍ന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓട്ടവയിലെ ഇസ്രയേല്‍ അംബാസഡര്‍ ഇദ്ദോ മോയ്ദ്. ആക്രമണം നടത്തിയിട്ടില്ലെന്ന ഇസ്രയേലിന്റെ വാദത്തെ പിന്തുണച്ചതില്‍ കനേഡിയന്‍ സര്‍ക്കാരിനോട് സന്തോഷം അറിയിക്കുന്നതായി മോയ്ദ് അറിയിച്ചു. ഒക്ടോബര്‍ 17ന് അല്‍-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെയാണ് റോക്കറ്റ് ആക്രമണം നടത്തിയത്. ഈ സ്‌ഫോടനത്തിന് ഉത്തരവാദിയല്ലെന്ന ഇസ്രയേലിന്റെ വാദത്തെ പിന്തുണയ്ക്കുന്ന മൂന്നാമത്തെ പാശ്ചാത്യ സഖ്യകക്ഷിയാണ് കാനഡ.
ഗാസയിലെ ആശുപത്രി ഇസ്രയേല്‍ ആക്രമിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഫോഴ്‌സസ് ഇന്റലിജന്‍സ് കമാന്‍ഡ് സ്വതന്ത്രമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗാസയില്‍ നിന്നും തൊടുത്തുവിട്ട ലക്ഷ്യം തെറ്റിയ റോക്കറ്റാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് തങ്ങള്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നത് തുടരുമെന്നും ബ്ലെയര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 18 ന് അമേരിക്കയും ഫ്രാന്‍സും ഇസ്രയേലിന്റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തി.