പലിശ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്താന്‍ ബാങ്ക് ഓഫ് കാനഡയോട് ആവശ്യപ്പെട്ട് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് 

By: 600002 On: Oct 23, 2023, 8:40 AM

 

 


പലിശ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ബാങ്ക് ഓഫ് കാനഡയോട് ആവശ്യപ്പെട്ട് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്ത്. ബുധനാഴ്ച പുതിയ പലിശ നിരക്ക് ബാങ്ക് ഓഫ് കാനഡ പ്രഖ്യാപിക്കാനിരിക്കെയാണ് ഡഗ് ഫോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കാനഡയിലെ ദശലക്ഷകണക്കിന് ആളുകള്‍ക്ക് വീണ്ടും പലിശ നിരക്ക് വര്‍ധന താങ്ങാനാകില്ലെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെമിനെ അഭിസംബോധന ചെയ്ത് എക്‌സില്‍ ഡഗ് ഫോര്‍ഡ് കുറിച്ചു. അതേസമയം, ബുധനാഴ്ച പ്രഖ്യാപിക്കുന്ന പുതിയ പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനം ആയി നിലനിര്‍ത്താനാണ് സാധ്യത എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

കഴിഞ്ഞ പ്രാവശ്യം പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനത്തില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അടിസ്ഥാന വില സമ്മര്‍ദ്ദങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ നിരക്ക് വര്‍ധനവ് ആവശ്യമെന്നാണ് ബാങ്ക് ഓഫ് കാനഡ പറയുന്നത്.