കാനഡയില്‍ എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചതോടെ ചികിത്സയ്ക്ക് കാത്ത് നില്‍ക്കാതെ മടങ്ങുന്ന രോഗികളില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2022-2023 ലെ കനേഡിയന്‍ ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍(CIHI) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 1.3 മില്യണ്‍ ആളുകളാണ് ചികിത്സ ലഭിക്കാതെ അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2022 ഏപ്രില്‍ 1 നും 2023 മാര്‍ച്ച് 30 നും ഇടയിലുള്ള 12 മാസ കാലയളവില്‍ ആരോഗ്യ പരിചരണത്തിനായി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്രയും ആളുകള്‍ എമര്‍ജന്‍സി റൂമുകള്‍ ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 ല്‍ റിപ്പോര്‍ട്ട് ചെയ്ത 963,000 ആളുകളെ അപേക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കിയ ആളുകളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, അത്യാഹിത വിഭാഗങ്ങളില്‍ പരിചരണം തേടിയ 15.1 മില്യണ്‍ ആളുകളില്‍ 8.6 ശതമാനം പേര്‍ മെഡിക്കല്‍ കെയറിന് കാത്തുനില്‍ക്കാതെ മടങ്ങി.