നയതന്ത്രജ്ഞരെ പിന്‍വലിക്കല്‍: ലക്ഷകണക്കിന് ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയെന്ന് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Oct 21, 2023, 11:10 AM

 


ഇന്ത്യയിലെ 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത് ഇരുരാജ്യങ്ങളിലെയും ലക്ഷകണക്കിന് ആളുകളെ ബുദ്ധിമുട്ടിലാഴ്ത്തിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളെ പോലും മാനിക്കാതെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ നീക്കം നിരവധി പേരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര, വ്യാപാരം എന്നിവയെയും കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, രാജ്യാന്തര നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ഇരുരാജ്യങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സന്തുലിതാവസ്ഥ ഉണ്ടാകണമെന്നും ഇന്ത്യ വ്യക്തമാക്കി. വിയന്ന കണ്‍വെന്‍ഷന്റെ ഭരണഘടന പ്രകാരം തന്നെയാണ് നടപടിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.