കനേഡിയന്‍ സൈനികര്‍ക്ക് സഹായം നല്‍കുന്ന കമ്പനി ഹാക്ക് ചെയ്യപ്പെട്ടതായി പ്രതിരോധ വകുപ്പ് 

By: 600002 On: Oct 21, 2023, 10:17 AM



 

കനേഡിയന്‍ മിലിറ്ററി, ഫോറിന്‍ സര്‍വീസ് അംഗങ്ങള്‍ രാജ്യത്തുടനീളവും ലോകമെമ്പാടും സഞ്ചരിക്കുമ്പോള്‍ അവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ഹാക്ക് ചെയ്യപ്പെട്ടതായി ദേശീയ പ്രതിരോധ വകുപ്പിന്റെ സ്ഥിരീകരണം. കനേഡിയന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുടെ ലംഘനമാണ് 1995 മുതല്‍ പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്ഫീല്‍ഡ് ഗ്ലോബല്‍ റീലൊക്കേഷന്‍ സര്‍വീസസ്(ബിജിആര്‍എസ്) വെബ്‌സൈറ്റില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 മുതല്‍ കമ്പനി വെബ്‌സൈറ്റ് ഓഫ്‌ലൈനിലാണ്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാത്തത് തങ്ങളുടെ നീക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് നിരവധി സൈനിക അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് റിലൊക്കേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 

ബിജിആര്‍എസിന്റെ കൈവശമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശനം ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു. അതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി. ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഓപ്പണ്‍ ഫയല്‍ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതെപ്പോഴാണെന്നോ അതിന്റെ വ്യാപ്തിയെക്കുറിച്ചോ മറ്റ് സൂചനകളൊന്നും കമ്പനി നല്‍കിയിട്ടില്ല. പേഴ്‌സണല്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടുകളില്‍ എന്തെങ്കിലും അസാധാരണമായ പ്രവര്‍ത്തനങ്ങളോ നീക്കങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.