ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ - ജഡ്ജ് മാർഗരറ്റ് ഓ ബ്രയാൻ ഉത്ഘാടനം നിർവഹിക്കും

By: 600084 On: Oct 20, 2023, 3:21 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ സെമിനാർ ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ നിർവഹിക്കും. ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിൽ ഉള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ കേരളത്തിലും അമേരിക്കയിലും ഒരേപോലെ മാധ്യമരംഗത്തു വിലയേറിയ സംഭാവനകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞ, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തനങ്ങൾക്കു പ്രചോദനമായിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ സ്മരണകൾ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ പേർ നാമകരണം ചെയ്യപ്പെട്ട ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരായ പി.പി. ജെയിംസും, വി. അരവിന്ദും ആനുകാലിക പ്രസക്തമായ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. അമേരിക്കയിലെ തല മുതിർന്ന പ്രമുഖ മാധ്യമ പ്രവർത്തകരായ എബ്രഹാം തെക്കേമുറി, ജോയിച്ചൻ പുതുകുളം, ജേക്കബ് റോയ്, സിംസൺ കളത്ര, ജോർജ് കാക്കനാട്ട്, എബ്രഹാം മാത്യു(കൊച്ചുമോൻ ), ജിൻസ്മോൻ സക്കറിയ, മൊയ്‌തീൻ പുത്തൻചിറ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും.

ഇവരെ കൂടാതെ സാംസ്കാരിക- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ ഭരണ സമിതി അംഗങ്ങളായ സിജു വി. ജോർജ്ജ്, അഞ്ജു ബിജിലി, സാം മാത്യു, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ, സണ്ണി മാളിയേക്കൽ, പി.പി.ചെറിയാൻ, ബിജിലി ജോർജ്ജ്, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകും.

വടക്കേ അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരുടേയും, സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരുടേയും സാന്നിധ്യ സഹകരണം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു....!