കാനഡയിലെ ആശുപത്രികളില്‍ നടക്കുന്ന നാലിലൊന്ന് പ്രസവങ്ങളിലും ഫോഴ്‌സ്പ്‌സ്, വാക്വം പോലുള്ളവ ഉപയോഗിക്കുമ്പോള്‍ മാതാവിന് ഗുരുതര പരുക്കേല്‍ക്കുന്നതായി ബിഎംജെയുടെ പഠന റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നും സ്വീഡനില്‍ നിന്നുമുള്ള എപ്പിഡെമിയോളജിസ്റ്റുകള്‍, ഓബ്‌സ്ട്രിഷ്യന്‍സ്, യൂറോഗൈനക്കോളജിസ്റ്റുകള്‍, കമ്മ്യൂണിറ്റി അഡ്വക്കേറ്റ്‌സ് തുടങ്ങിയ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കാനഡയില്‍ ഫോഴ്‌സ്പ്‌സും വാക്വം ഡെലിവറിയും അമ്മമാരിലും കുഞ്ഞുങ്ങളിലും ഗുരുതര പരുക്കുകളേല്‍പ്പിക്കുന്നുവെന്ന് കണ്ടെത്തി. ഇതിന് 10 വര്‍ഷത്തിലേറെയുള്ള തെളിവുകളും ഇവര്‍ നിരത്തുന്നു.
ഫോഴ്‌സ്പ്‌സ്്, വാക്വം എന്നിവ ഉപയോഗിച്ചുള്ള ജനനങ്ങള്‍ക്ക് ശേഷം മാതൃമരണനിരക്ക് കാനഡയിലാണ് ഏറ്റവും കൂടുതലെന്ന് പഠനത്തില്‍ പറയുന്നു. അപകടസാധ്യത ഉണ്ടായിരുന്നിട്ടും, കാനഡയിലെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നതിനോ പരിഹരിക്കുന്നതിനോ ഒരു ശ്രമവും ആരുടെ ഭാഗത്തു നിന്നും നടത്തിയിട്ടില്ലെന്ന് പ്രധാന ഗവേഷകരിലൊരാളായ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ജിയൂലിയ മുറാക്ക പറയുന്നു.
സി-സെക്ഷന്‍ ഡെലിവറിക്ക് സുരക്ഷിതമായ ബദലായി പലപ്പോഴും ഡോക്ടര്‍മാര്‍ ഫോഴ്‌സ്പ്‌സും വാക്വം ഡെലിവറിയും ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ നാലില്‍ ഒന്ന് ഫോഴ്‌സ്പ്‌സ് ഡെലിവറികളിലും ഓരോ എട്ട് വാക്വം ഡെലിവറികളില്‍ ഒരെണ്ണത്തിലും ഗുരുതരമായ പെരിനൈല്‍, സെര്‍വിക്കല്‍ ലെസറഷേന്‍ പോലുള്ള പരുക്കുകള്‍ മാതാവിന് ഏല്‍ക്കുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.