ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു 

By: 600002 On: Oct 20, 2023, 8:56 AM


ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. ആകെയുള്ള 62 ഉദ്യോഗസ്ഥരില്‍ 41 പേരെയും അവരുടെ കുടുംബത്തെയുമാണ് കാനഡ പിന്‍വലിച്ചത്. നയതന്ത്ര സമത്വത്തിനായുള്ള ഇന്ത്യയുടെ യുക്തിരഹിതമായ അഭ്യര്‍ത്ഥനയാണിതെന്ന് മെലാനി ജോളി വിമര്‍ശിച്ചു. ഇന്ത്യയില്‍ 21 നയതന്ത്രജ്ഞര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമേ നയതന്ത്ര പദവി നിലനിര്‍ത്താന്‍ ഇന്ത്യ അനുവാദം നല്‍കുന്നുള്ളൂവെന്നും ജോളി വ്യക്തമാക്കി. 

ഒക്ടോബര്‍ 20നകം 41 നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനൊപ്പം ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശും കാനഡ പുതുക്കി. 

അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ പ്രവര്‍ത്തിച്ചുവെന്ന് ജോളി വിമര്‍ശിച്ചു. നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും ഇന്ത്യ ഉഭയകക്ഷി സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് ജോളി ആരോപിച്ചു. 

ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും മാറ്റിയിരുന്നു.