ഇസ്രയേല്‍-ഹമാസ് യുദ്ധം: സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ഒന്റാരിയോ റിയല്‍ എസ്‌റ്റേറ്റ് ഏജന്റിനെ സസ്‌പെന്‍ഡ് ചെയ്തു 

By: 600002 On: Oct 19, 2023, 11:09 AM

 

 

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളുള്‍പ്പെടെ പോസ്റ്റ് ചെയ്ത ഒന്റാരിയോയിലെ വോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ സസ്‌പെന്‍ഡ് ചെയ്തു. റെക്കോര്‍ഡ് ബ്രോക്കറും റിയല്‍ട്രോണ്‍ വാഡിം വിലെന്‍സ്‌കി റിയല്‍റ്റിയുടെ സിഇഒയുമായ വാഡിം വിലെന്‍സ്‌കിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഇയാള്‍ പോസ്റ്റിട്ടിരുന്നു. 

'വിപണിയില്‍ ഉടന്‍ വരുന്നു' എന്ന തലക്കെട്ടോടെ ബോംബാക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ നിരവധി കെട്ടിടങ്ങളും ഒപ്പം ചിരിക്കുന്ന രണ്ട് ഇമോജികളും ഉള്‍പ്പെടുത്തിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫ് മാര്‍ക്കറ്റ്, 130 സ്‌ക്വയര്‍ മൈല്‍സ്, ഓഷ്യന്‍ ഫ്രണ്ട് ലോട്ട്, നോ യൂട്ടിലിറ്റി, നോ പവര്‍, നോ വാട്ടര്‍ എന്നീ വരികളും ചിത്രത്തിനൊടൊപ്പം ചേര്‍ത്തിരുന്നു. 

ഇതിന് പിന്നാലെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും വിലെന്‍സ്‌കിയെ സസ്‌പെന്‍ഡ് ചെയ്തത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പോസ്റ്റുകള്‍ പിന്‍വലിച്ചു. കൂടാതെ, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്തിട്ടുണ്ട്.