മെഡിസിനുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ ഡെലിവറി സംവിധാനം പരീക്ഷിക്കാനൊരുങ്ങി ഇ- കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. ഇതിന്റെ ഭാഗമായി ടെക്‌സാസിലെ കോളേജ് സ്‌റ്റേഷനിലെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ഡ്രോണ്‍ വഴി പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളെത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഫാര്‍മസിയുള്ള ഒരു ഡെലിവറി സെന്ററില്‍ നിന്ന് പറക്കാന്‍ പ്രോഗ്രാം ചെയ്ത ഡ്രോണ്‍ ഉപഭോക്താവിന്റെ അഡ്രസിലേക്ക് മരുന്നുകലെത്തിക്കും. ഏകദേശം 13 അടി ഉയരത്തില്‍ പറക്കുന്ന ഡ്രോണ്‍, ഉപഭോക്താവിന്റെ പക്കലെത്തുമ്പോള്‍ പാഡഡ് പാക്കേജ് ഇറക്കുകയും ചെയ്യും.
500 ല്‍ അധികം മരുന്നുകളുടെ ലിസ്റ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള മരുന്ന് തെരഞ്ഞെടുക്കാം. ഫ്‌ളൂ, ന്യൂമോണിയ പോലുള്ള പൊതു ചികിത്സയ്ക്കുള്ള മരുന്നുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ കണ്‍ട്രോള്‍ഡ് സബ്‌സറ്റന്‍സ് ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ പ്രൈം എയര്‍ ഡിവിഷന്‍ കഴിഞ്ഞ ഡിസംബറില്‍ കോളേജ് സ്‌റ്റേഷനിലും കാലിഫോര്‍ണിയയിലെ ലോക്ക്‌ഫോര്‍ഡിലും സാധാരണ വീട്ടുപകരണങ്ങളുടെ ഡ്രോണ്‍ ഡെലിവറി പരീക്ഷിച്ച് തുടങ്ങിയിരുന്നു. കമ്പനിയുടെ ഫാര്‍മസിക്കുള്ളില്‍ നിന്നും രണ്ട് ദിവസം മുമ്പ് ഇതിനകം മരുന്നുകള്‍ ഡ്രോണ്‍ വഴി വിതരണം ചെയ്ത് പരീക്ഷിച്ചിരുന്നു.