കാനഡ പെന്‍ഷന്‍ പ്ലാന്‍ സംരക്ഷിക്കപ്പെടണം; ഡാനിയേല്‍ സ്മിത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Oct 19, 2023, 10:11 AM

 

 

കാനഡ പെന്‍ഷന്‍ പ്ലാനിന്റെ(സിപിപി) നിലനിര്‍പ്പിനെ ഭീഷണിപ്പെടുത്തുന്ന ഏത് നടപടികളെയും ലിബറല്‍ സര്‍ക്കാര്‍ ചെറുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സിപിപി വിടാനുള്ള ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ട്രൂഡോ പറഞ്ഞു. ആല്‍ബെര്‍ട്ടയില്‍ മാത്രമുള്ള പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഡാനിയേല്‍ സ്മിത്ത് സര്‍ക്കാര്‍ തുടങ്ങി വെച്ചിട്ടുണ്ട്. 

ഫെഡറല്‍ സര്‍ക്കാരിന്റെ പദ്ധതിയിലുള്ളത് മാത്രമല്ലാതെ കൂടുതല്‍ തുക ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് സ്മിത്ത് പറയുന്നു. പ്രവിശ്യയിലെ ജനങ്ങളുടെ ഭാവി തീരുമാനിക്കാന്‍ റഫണ്ടം നടത്തുന്നതിനെ പ്രധാനമന്ത്രി എതിര്‍ക്കുകയാണെന്ന് സ്മിത്ത് എക്‌സില്‍ കുറിച്ചു. ഈ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയല്ല, പെന്‍ഷന്‍ ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സ്മിത്ത് വ്യക്തമാക്കി. 

സിപിപി വിടുന്നത് സംബന്ധിച്ചുള്ള ആല്‍ബെര്‍ട്ടയുടെ പൊതുജനാഭിപ്രായ സര്‍വ്വെ പക്ഷപാതപരവും, അന്യായവും കൃത്രിമവുമാണെന്ന് കാനഡ പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സ്മിത്തിന് അയച്ച കത്തില്‍ ട്രൂഡോയുടെ അഭിപ്രായം.