അന്താരാഷ്ട്ര നഴ്‌സുമാര്‍ക്ക് പരിശീലനത്തിനായി 11 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Oct 19, 2023, 9:27 AM

 

 

അന്താരാഷ്ട്ര വിദ്യാഭ്യാസമുള്ള നഴ്‌സുമാരെ പരിശീലിപ്പിക്കാന്‍ നഴ്‌സ് ബ്രിഡ്ജിംഗ് പ്രോഗ്രാമുകള്‍ക്കായി 11 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജന്‍ സാഹ്നി ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയില്‍ വെച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ 1221 ഓളം ഒഴിവുകളിലേക്ക് പ്രവേശനം ഉണ്ടാകും. അതിനാല്‍ ആല്‍ബെര്‍ട്ടയില്‍ സര്‍ട്ടിഫിക്കേഷന് ആവശ്യമായ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രവിശ്യയിലുടനീളമുള്ള ഒന്‍പത് പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്കുള്ള 848 പുതിയ സീറ്റുകളും ലൈസന്‍സുള്ള പ്രാക്ടിക്കല്‍ നഴ്‌സുമാര്‍ക്ക് 373 പുതിയ സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് രാജ്യങ്ങളില്‍ പരിശീലനം നേടിയ നഴ്‌സുമാരെ ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്യാനും താമസിക്കാനും ലൈസന്‍സ് നേടുന്നതിനും സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പുതിയ സീറ്റുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.