നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ സെര്‍ച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു 

By: 600002 On: Oct 19, 2023, 9:05 AM

 

 

നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയിലെ പാര്‍ക്കിംഗ് ലോട്ടില്‍ സെര്‍ച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഫാള്‍സ്ബ്രിഡ്ജ് ഡ്രൈവ് നോര്‍ത്ത് ഈസ്റ്റില്‍ 5700 ബ്ലോക്കിലാണ് സംഭവം നടന്നത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരും പ്രതികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുകൂട്ടരും വെടിയുതിര്‍ക്കുകയുമായിരുന്നു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളിലൊരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

പ്രതികള്‍ തോക്കുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. നിസാര പരുക്ക് പറ്റിയ മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

കാല്‍ഗറി പോലീസ് സര്‍വീസിലെ 11 അംഗ സംഘത്തിലെ ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. ഉദ്യോഗസ്ഥന്റെയോ പ്രതികളുടെയോ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ആല്‍ബെര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം(ASIRT)  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.