അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിനായി ഇന്ത്യ നിലകൊള്ളുന്നത് മനുഷ്യരാശിയുടെ വലിയ നേട്ടത്തിനുവേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

By: 600021 On: Oct 18, 2023, 7:02 PM

ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സംഘർഷങ്ങളിൽ നിന്ന് മുക്തമാക്കാനും ലോകത്തോട് ആഹ്വാനം ചെയ്ത് കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. ന്യൂഡൽഹിയിൽ നടന്ന 'സ്‌പേസ്' ദ്വിദിന കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തവേ മനുഷ്യരാശിയുടെ വലിയ നേട്ടത്തിനായി ഇന്ത്യ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിനായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യത, ഉത്തരവാദിത്തം, ബഹിരാകാശത്തിൻ്റെ സമാധാനപരമായ ഉപയോഗം എന്നിവയുടെ തത്വങ്ങൾ ഇന്ത്യ സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവരുമായി തുറന്ന സംവാദത്തിൽ ഏർപ്പെടാൻ ചൈന ഉൾപ്പെടെ മറ്റ് രാജ്യങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യവിഭവശേഷിയിലും വൈദഗ്ധ്യത്തിലും കെട്ടിപ്പടുക്കുന്ന ചെലവ് കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. റഷ്യയുടെ ചാന്ദ്രദൗത്യത്തിന് 16,000 കോടി രൂപ ചെലവായപ്പോൾ ഇന്ത്യയുടെ (ചന്ദ്രയാൻ-3) ദൗത്യത്തിന് ഏകദേശം 600 കോടി രൂപയാണ് ചെലവായതെന്നും അദ്ദേഹം പറഞ്ഞു. 380 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ടെന്നും അമേരിക്കൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ 220 മില്യൺ യൂറോയും 170 മില്യൺ യുഎസ് ഡോളറും സമ്പാദിച്ചതായും ഡോ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ഇന്ന് ഏകദേശം 8 ബില്യൺ ഡോളറാണെന്നും 2040 ഓടെ അത് 40 ബില്യൺ ഡോളറിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.