ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താൻ പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

By: 600021 On: Oct 18, 2023, 3:13 PM

വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കാനുള്ള ഇന്ത്യയുടെ കഴിവാണ് ആഗോളതലത്തിൽ രാജ്യത്തെ നിലയുറപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രി അടിവരയിട്ടു. ഹനോയിയിൽ നടന്ന പരിപാടി ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അദ്ദേഹത്തിന് വേദിയായി. ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം അദ്ദേഹം അംഗീകരിക്കുകയും ഇന്ത്യയുടെ ആഗോള വ്യാപനം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഹോ ചിമിൻ സിറ്റിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത ജയശങ്കർ ആധുനിക സാഹചര്യങ്ങളിൽ മഹാത്മാഗാന്ധിയുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാധാന്യം എടുത്തുകാട്ടി.