19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു.

By: 600021 On: Oct 18, 2023, 3:12 PM

19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് പ്രൈസുകൾ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 15 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 10 ലക്ഷം രൂപയും സമ്മാനമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മെഡലുകൾ നേടാനാകാതെ പോയവർ ഉൾപ്പെടെ കളിക്കാരുടെ ശ്രമങ്ങളെ സിംഗ് അഭിനന്ദിച്ചു. ന്യൂഡൽഹിയിൽ പ്രതിരോധ സേവന കായിക താരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്. 1960-ൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ 400 മീറ്റർ ഓട്ടത്തിൽ മെഡൽ നഷ്ടമായെങ്കിലും ഇന്ത്യൻ അത്‌ലറ്റിക്‌സിൻ്റെ വഴികാട്ടിയായി മാറിയ ഫ്ലൈയിംഗ് സിഖ് മിൽഖാ സിംഗിനെ അദ്ദേഹം ഓർമ്മിച്ചു. ഈ മെഡലുകളും പ്രകടനങ്ങളും കായിക മേഖലയിൽ മുന്നോട്ടുവരാൻ രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ ഗെയിംസുകളിൽ മെഡൽ ജേതാക്കളായ സായുധ സേനാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.