സഭാ നടപടികൾക്ക് ആരംഭം കുറിച്ഛ് പുതിയ പാർലമെന്റ് കെട്ടിടം

By: 600021 On: Sep 19, 2023, 7:17 PM

പുതിയ പാർലമെന്റ് കെട്ടിടം പുതിയ തുടക്കത്തിൻ്റെ പ്രതീകമാണെന്നും ഇത് 140 കോടി ഇന്ത്യക്കാരിൽ പുതിയ ഊർജ്ജം പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് രാജ്യസഭ നടപടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന് ദിശാബോധം നൽകുന്നതിനൊപ്പം രാഷ്ട്രീയ വ്യവഹാരങ്ങളുടെ കുത്തൊഴുക്കിനും മേൽ ഉയർന്നുവരുന്ന ഗൗരവമേറിയ ബൗദ്ധിക ചർച്ചകളുടെ കേന്ദ്രമായി സഭ മാറുമെന്ന ഭരണഘടനാ നിർമ്മാതാക്കളുടെ ഉദ്ദേശ്യങ്ങൾക്ക് പ്രധാനമന്ത്രി അടിവരയിട്ടു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പുതിയ ചിന്തയും ശൈലിയും ഉപയോഗിച്ച് നീങ്ങേണ്ട സമയമാണിതെന്നും അതിന് പ്രവർത്തന വ്യാപ്തിയും ചിന്താ പ്രക്രിയയും വിപുലീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ പുരോഗതിക്കായി പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തതിൽ മോദി സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചത് സഭയിലെ അംഗബലം കൊണ്ടല്ല, മറിച്ച് സാമർഥ്യവും ധാരണയും കൊണ്ടാണെന്നും ജനാധിപത്യ സജ്ജീകരണത്തിൽ ഭരണസംവിധാനങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ദേശീയ താൽപ്പര്യം പരമോന്നതമായി നിലനിറുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.