ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ഛ് കേന്ദ്ര സർക്കാർ

By: 600021 On: Sep 19, 2023, 7:16 PM

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും ഡൽഹി നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതിനുള്ള ചരിത്രപരമായ വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ഛ് കേന്ദ്ര സർക്കാർ. പുതിയ പാർലമെന്റ് മന്ദിരത്തിൽ നടപടികളുടെ ആദ്യ ദിവസം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് 2023ലെ 128-ാം ഭേദഗതി ബിൽ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ലോക്‌സഭയിലെ സ്ത്രീകളുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്നും മേഘ്‌വാൾ പറഞ്ഞു. പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. അതേസമയം, രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസന പ്രക്രിയയെ ലോകം അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതൽ സ്ത്രീകൾ രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ പങ്കാളികളാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ, ലോക്സഭയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീ ശാക്തീകരണത്തിനായുള്ള തന്റെ സർക്കാരിൻ്റെ ഓരോ പദ്ധതികളും സ്ത്രീ നേതൃത്വത്തിന് വളരെ അർത്ഥവത്തായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകളുടെ പങ്കാളിത്തം വിപുലപ്പെടുത്തുകയാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്നും പറഞ്ഞു.