നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍;കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

By: 600021 On: Sep 19, 2023, 7:10 PM

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഉന്നത കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യയും. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളാവുന്ന സാഹചര്യത്തിലാണ് നടപടി. ഹർ‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാർലമെന്റിൽ പ്രസ്താവനയും നടത്തി. എന്നാൽ, ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് (കെടിഎഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നൽകുന്നതിലും നിജ്ജാർ സജീവമായി പങ്കെടുത്തിരുന്നതായാണ് ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. നിജ്ജാറിന്‍റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിക്കുകയും പഞ്ചാബ് പൊലീസ് നിജ്ജാറിനെ കൈമാറണമെന്ന് ആവശ്യപ്പെടും ചെയ്തിരുന്നു. 2007ൽ പഞ്ചാബിലെ ലുധിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനം ഉൾപ്പെടെ കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയാണ് നിജ്ജാര്‍.