കോവിഡ്, ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് മിനിസ്റ്റര്‍ അഡ്രിയാന ലാഗ്രാഞ്ച്. അധ്യയന വര്‍ഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആരോഗ്യ മന്ത്രി പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 73 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ, ആകെ 92 പുതിയ ആശുപത്രി കേസുകളും മൂന്ന് ഐസിയു അഡ്മിഷനുകളും ഉണ്ടായതായി ലാഗ്രാഞ്ച് പറഞ്ഞു. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 417 ആയി. ഐസിയുവില്‍ ഏഴ് പേരാണ് ചികിത്സയിലുള്ളത്.
ഓഗസ്റ്റ് 28 മുതല്‍ 28 ഇന്‍ഫ്‌ളുവന്‍സ കേസുകളും ലാബില്‍ സ്ഥിരീകരിച്ച അഞ്ച് ആര്‍എസ്പി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ഫ്‌ളൂ സീസണിന്റെ ആരംഭമായാണ് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് അതോറിറ്റികള്‍ കണക്കാക്കുന്നത്.