വില സ്ഥിരപ്പെടുത്തണം: കാനഡയിലെ ഗ്രോസറി ഭീമന്മാര്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

By: 600002 On: Sep 19, 2023, 9:57 AM

 


പലചരക്ക് വസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ ഏറ്റവും വലിയ ഗ്രോസറി ശൃംഖലകളിലെ മേധാവികള്‍ ഓട്ടവയില്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വാ- ഫിലിപ്പ് ഷാംപെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കാനഡയിലെ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ലോബ്‌ലോവ്, മെട്രോ, എംപയര്‍, വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ തുടങ്ങിയ വന്‍കിട കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയത്. 

വില സ്ഥിരപ്പെടുത്തുന്നതിന് താങ്ക്‌സ്ഗിവിംഗിലൂടെ വിശ്വസനീയമായ പദ്ധതി കൊണ്ടുവരികയെന്നതായിരുന്നു ട്രൂഡോയുടെ അന്ത്യശാസനം.അല്ലെങ്കില്‍ ഗ്രോസറി പ്രൈസ് സ്റ്റെബിളിറ്റി പുന:സ്ഥാപിക്കുന്നതിന് നികുതി നടപടികളുടെ ഉപയോഗം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

വളരെ മികച്ചതും ക്രിയാത്മകവുമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് സോബീസ് സിഇഒ മൈക്കല്‍ മെഡ്‌ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഏത് ചര്‍ച്ചയിലും മാനുഫാക്ചര്‍, പ്രൊഡ്യൂസര്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തണം. ഇത് ചില്ലറ വ്യാപാരികളെ മാത്രം ബാധിക്കുന്ന കാര്യമല്ല, മന്ത്രി ഇക്കാര്യം മനസ്സിലാക്കുന്നുവെന്ന് മെട്രോ സിഇഒ എറിക് ലാ ഫ്‌ളെച്ചെ പറഞ്ഞു. തന്റെ കമ്പനി പണപ്പെരുപ്പത്തില്‍ നിന്നും ലാഭം നേടുന്നുവെന്ന ആരോപണത്തെ അദ്ദേഹം തള്ളക്കളഞ്ഞു.