ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ; തിരിച്ചടിച്ച് ഇന്ത്യ 

By: 600002 On: Sep 19, 2023, 9:19 AM

 


ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ഇരുരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച കാനഡ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ പുറത്താക്കുകയായിരുന്നു. നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യ ആകാമെന്ന നിലപാട് വിദേശകാര്യ മന്ത്രി മെലാനി ജോളിയും സ്വീകരിച്ചിരുന്നു. സംഭവം കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നതായും ട്രൂഡോ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെയാണ് ഇന്ത്യ പുറത്താക്കിയിരിക്കുന്നത്.കാനഡയുടെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്ര ഉദ്യോഗസ്ഥന്‍ അഞ്ച്ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഖലിസ്ഥാന്‍ ഭീകരവാദത്തില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.