ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഭേദഗതി ചെയ്ത് യുഎൻ ഓഫീസ് .

By: 600021 On: Sep 18, 2023, 8:17 PM

ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 3,958 ആയി ഭേദഗതി ചെയ്ത് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ). രാജ്യത്തിന്റെ തീരദേശ നഗരമായ ഡെർണയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 11,300 പേർ മരിച്ചതായി യുഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കിയ റിപ്പോർട്ട് പ്രകാരം 9000-ത്തിലധികം ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു, ഏകദേശം 120,000 ജനസംഖ്യയുള്ള ഡെർനയിൽ, നഗരത്തിന് തെക്കുള്ള രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് മുഴുവൻ ജില്ലകളും ഒഴുകിപ്പോകുകയും ചെളിയിൽ പൂണ്ട് പോവുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ദുരന്തബാധിതരെ സഹായിക്കാൻ 71 മില്യൺ യുഎസ് ഡോളറിന്റെ അഭ്യർത്ഥന ആരംഭിച്ചതായി യുഎൻ മാനുഷിക കാര്യ ഓഫീസ് അറിയിച്ചു. കിഴക്കൻ ലിബിയയിലെ ആളുകൾക്ക് അവശ്യ മരുന്നുകളും ശസ്ത്രക്രിയാ സാമഗ്രികളും ഉൾപ്പെടുന്ന ബാഗുകളും മറ്റ് അടിയന്തര സഹായവും ലോകാരോഗ്യ സംഘടന ലഭ്യമാക്കിയിട്ടുണ്ട്.