നിപ പ്രതിരോധം തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

By: 600021 On: Sep 18, 2023, 8:15 PM

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്ന സംസ്ഥാനത്ത് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലകള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കാനും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയാനും മന്ത്രി ഓർമിപ്പിച്ചു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാർ യോഗം ചേരുകയും ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേരാണ്പല ജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നത്. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്‌സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവ സജ്ജമാക്കുകയും ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.