ഈ വര്‍ഷം കാനഡയില്‍ പകുതിയോളം പേരും ഡിജിറ്റല്‍ തട്ടിപ്പിനിരകളായി: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Sep 18, 2023, 11:13 AM

 

 


ഈ വര്‍ഷം കാനഡയില്‍ പകുതിയോളം പേരും(49 ശതമാനം) തട്ടിപ്പുകള്‍ക്ക് ഇരകളായതായി സര്‍വേ റിപ്പോര്‍ട്ട്. ട്രാന്‍സ് യൂണിയന്‍ അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം ഓരോ വര്‍ഷവും വിവിധ തട്ടിപ്പുകള്‍ക്കിരയാകുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്റര്‍നാഷണല്‍ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 40 ശതമാനം വര്‍ധിച്ചതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഷുറന്‍സ്, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ എന്നിവയില്‍ യഥാക്രമം 400 ശതമാനം, 90 സതമാനം, 75 ശതമാനം എന്നിങ്ങനെ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായും സര്‍വേ കണ്ടെത്തി. കാനഡയില്‍, എല്ലാ വ്യവസായങ്ങളിലും സംശയിക്കപ്പെടുന്ന ഡിജിറ്റല്‍ തട്ടിപ്പ് നിരക്ക് കഴിഞ്ഞ വര്‍ഷം 3.2 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി ഉയര്‍ന്നു. ആഗോള തലത്തിലും ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത പതിനായിരത്തിലധികം കനേഡിയന്‍ പൗരന്മാരില്‍ 43 ശതമാനം പേരും തങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇരകളായതായി പറയുന്നു. ഇ-മെയില്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ വ്യക്തിപരമോ സാമ്പരത്തികമോ ആയ വിവരങ്ങള്‍ മോഷ്ടിക്കാന്‍ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് പ്രതികരിച്ചവരില്‍ 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.