ഉഷ്ണമേഖലാ കൊടുങ്കാറ്റ് ലീ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് അറ്റ്‌ലാന്റിക് കാനഡയില്‍ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ശനിയാഴ്ച രാത്രി മുതല്‍ 172,000 ത്തിലധികം ആളുകള്‍ ഇരുട്ടിലായിരുന്നു. പ്രാദേശിക സമയം, 10 മണിയോടെ നോവ സ്‌കോഷ്യ പവര്‍ 117,000 ലധികം ഉപഭോക്താക്കളെ ബാധിക്കുന്ന 2,225 സജീവമായ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ഹാലിഫാക്‌സ് മെട്രോ ഏരിയയിലുമാണ് പലതും തകരാറിലായതെന്ന് കമ്പനി പറയുന്നു.
ചില ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കനത്ത കാറ്റ് മൂലം ജോലിക്കാര്‍ക്ക് മിക്കയിടങ്ങളിലും ശരിയായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാത്തത് വൈദ്യുതി ബന്ധം പൂര്‍ണമായി പുന:സ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യത്തിന് ഇടയാക്കുന്നതായി കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ പ്രവിശ്യയിലുടനീളം നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ലൈനുകളില്‍ നിന്ന് മരങ്ങള്‍ നീക്കം ചെയ്യുകയും ഉപകരണങ്ങള്‍ നന്നാക്കുകയും ചെയ്യുന്നുണ്ടെന്ന് നോവ സ്‌കോഷ്യ പവര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഏകദേശം 170,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതായി കമ്പനി അധികൃതര്‍ അറിയിച്ചു.
16,000 ത്തിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന 536 തകരാറുകളാണ് ന്യൂബ്രണ്‍സ്‌വിക്ക് പവര്‍ റിപ്പോര്‍ട്ട് ചെയ്തത്. പലതും ഫ്രെഡറിക്ടണ്‍ ഏരിയയിലാണ്.