നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാല്‍ വവ്വാലുകളെ പിടികൂടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് അന്തരി പറഞ്ഞു. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍മാരുടേയും വെറ്റിനറി ഡോക്ടര്‍മാരുടേയും ഉപദേശവും ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്കായി അയക്കുന്നതും സംബന്ധിച്ച എല്ലാ പെര്‍മിഷനുകളും ഉടനടി ലഭ്യമാക്കാന്‍ സഹായിക്കുക, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ട സാധ്യതകളെ കുറിച്ചും പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിദഗ്ധ ഉപദേശം ലഭ്യമാക്കുക എന്നിവയാണ് സമിതിയുടെ ചുമതലകള്‍.