കശ്മീരിൽ 120 മണിക്കൂർ പിന്നിട്ട് ഏറ്റുമുട്ടൽ; ഒരു പതിറ്റാണ്ടിനിടെ ഏറ്റവും നീണ്ട സൈനിക നീക്കം

By: 600021 On: Sep 17, 2023, 8:15 PM

കശ്മീരിലെ അനന്തനാഗിൽ നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുന്നു.ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച പോരാട്ടത്തിൽ നാല് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്കു പരുക്കേറ്റു. ഭീകരൻ ഉസൈർ ഖാൻ ഉൾപ്പെടെ ലഷ്കർ ഭീകരർക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കി. പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും കശ്മീർ അസി.ഡി ജി പി വിജയ്കുമാർ അറിയിച്ചു.മികച്ച പരിശീലനം നേടിയ ഭീകരർ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം , ഇടതൂർന്ന ആൽപൈൻ വനം , മഴയും കൊടും തണുപ്പും തുടങ്ങി പ്രതികൂലകാലാവസ്ഥയിലാണ് ഇന്ത്യന്‍ സേന നിലവിൽ പൊരുതുന്നത്.ഏറ്റുമുട്ടൽ അഞ്ചാം ദിനം പൂർത്തിയാകുമ്പോൾ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും നീണ്ട സൈനിക നീക്കമാണു പുരോഗമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ നിർമിത ഹെറോൺ ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ സുരക്ഷാ സേന ഓപ്പറേഷനു ഉപയോഗിക്കുന്നുണ്ട്.