സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി നിപ ലക്ഷണം; സാമ്പിളുകൾ പരിശോധിക്കും.

By: 600021 On: Sep 16, 2023, 5:36 PM

തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർക്ക് നിപ ലക്ഷണം. ഇരുവരുടെയും സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കോഴിക്കോട്ട് നിപാ ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയിൽപ്പെട്ട പതിനൊന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ പരിശോധനക്കയച്ചതിൽ 94 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപാ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസുകാരന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു. പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ള മറ്റ് നാലു പേരുടേയും നിലയില്‍ പുരോഗതിയുള്ളതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവരുമായി സമ്പര്‍ക്കത്തിൽ വന്ന ആളുകളുടെ പട്ടികയില്‍ ഉൾപ്പെട്ട ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ കേന്ദ്ര സംഘം വിലയിരുത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.