Written by, Abrham George, Chicago.
ഞാൻ കൃത്യമായി വൈകുന്നേരം സുഭാഷ് പാർക്കിൻ്റെ വടക്കെ ഗേറ്റിലെത്തി, ആദ്യം കണ്ട ബഞ്ചിലിരുന്നു. അവിടെ കുരങ്ങുകളെ ഇട്ടിരിക്കുന്ന കൂട്ടിനരികിൽ നിൽക്കുന്ന, കുട്ടികളെ ശ്രദ്ധിച്ചു. അവർ കുരങ്ങുകളെ കളിപ്പിക്കുകയാണ്. അവരുടെ അതേ പ്രായത്തിൽ, ഒരു നേരത്തെ അന്നത്തിനു വേണ്ടി അലഞ്ഞു നടന്ന കാര്യം ഓർത്തു. സൈക്കിൾ ഷാപ്പുകാരൻ ജോസേട്ടൻ്റെ മക്കൾക്ക്, അന്ന് പട്ടിണിയാണ്. എന്തെങ്കിലും കിട്ടുന്നതു കൊണ്ട് വിശപ്പടക്കിയിരുന്ന കാലം. അറുപട്ടിണിയിലായിരുന്ന അമ്മയെ ഓർത്തു. തിന്നാൻ ധാരാളമുള്ളപ്പോൾ, അമ്മ മാത്രം പോയല്ലോയെന്ന് ഓർത്ത് ദുഃഖിച്ചു. അമ്മ മരിക്കാതിരുന്നെങ്കിൽ, ഇന്ന് എത്രമാത്രം സന്തോഷിക്കുമെന്ന് ഓർത്തു. സൈക്കിൾ ഷാപ്പുകാരൻ ജോസേട്ടൻ്റെ കൂടെ കൂടിയിട്ട്, അമ്മ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടുണ്ടോയെന്ന് വെറുതെ ചിന്തിച്ചു.
എന്തിനാണ് ലളിത പറഞ്ഞതനുസരിച്ച്, ഞാനിവിടെ എത്തിയത്. അവൾ എൻ്റെ ആരാണ്. സ്നേഹിതയോ, പ്രണയനിയോ, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. മനസ്സ് എപ്പോളും അവൾക്കായ് ദാഹിക്കുന്നുണ്ട്. കാണാതായപ്പോൾ എല്ലാം മറന്നതാണ്. ഇപ്പോൾ എന്തെന്നില്ലാത്ത അഭിനിവേശം, ശരീരമാകെ കടന്നു കൂടിയിരിക്കുന്നു. ഒരിക്കൽ അവളുടെ അച്ഛൻ, ആട്ടി ഓടിച്ചപ്പോളുണ്ടായ വേദന ചെറുതായിരുന്നില്ല. അവഗണനയുടെ തീക്കാറ്റേറ്റ് വെന്തുരുകുന്ന മനസ്സിനോളം, നമ്മെ ചുട്ടുപൊള്ളിക്കുന്ന ഒരു തീക്കനലും കാണില്ല. എന്നിട്ടും, എനിക്കവളെ മറക്കാനാവുന്നില്ല. നിഴലായി നിലാവായിയിന്നും ഞാൻ അവളെ പിന്തുടരുന്നു. മറക്കാൻ കഴിയാതെ, എൻ്റെ ഓർമ്മകളിൽ ഇന്നും അവളുണ്ട്.
അവൾ സുഭാഷ് പാർക്കിൻ്റെ ഗേറ്റ് കടന്ന് വരുന്നത് ഞാൻ കണ്ടു. മനസ്സ് നിറയെ പരവേശം പടരുന്നതായി എനിക്ക് തോന്നി. ഒരിക്കലും അകലരുതെന്ന് ആഗ്രഹിച്ച ബന്ധമാണിത്. ഓർമ്മകൾക്ക് ജീവൻ നൽകാൻ കഴിവുള്ള ബന്ധം. അവൾ അടുത്തേക്ക് വന്നു, ഞാനറിയാതെ എഴുന്നേറ്റു. എൻ്റെ ജീവിതം ശരിയായ മാർഗ്ഗത്തിലൂടെ തിരിച്ചുവിട്ടവളാണ്, അരികെ നിൽക്കുന്നത്. ഒരു നോക്ക് കാണാൻ മോഹിച്ചവൾ, വർഷങ്ങൾക്ക് ശേഷം കൺമുന്നിൽ. ശരീരത്തിനാകെ ഒരു വിറയൽ അനുഭവപ്പെട്ടു. അവൾ ചോദിച്ചു..,
"നീ ഇത്രയും കാലം എവിടെയായിരുന്നു. നിനക്കെന്നെ അന്വേഷിക്കാമായിരുന്നില്ലേ?"
"എവിടെ? നീ എവിടെയാണെന്ന്, എനിക്കറിയില്ലായിരുന്നു. വീട് അന്വേഷിച്ച് പിടിക്കാൻ പറ്റിയ സാഹചര്യത്തിലായിരുന്നില്ല, ഞാൻ. നിനക്കറിയോ, കാണാൻ എത്ര മാത്രം ആഗ്രഹിച്ചിരുന്നുയെന്ന്. നിന്നോട് എനിക്ക് തോന്നുന്ന വികാരം, എന്താണന്ന് പോലുമിന്ന് എനിക്കറിയില്ല."
"അതിൻ്റെ പേരാണ് പ്രണയം. ഓർമ്മകൾക്ക് ജീവൻ നൽകാൻ കഴിവുള്ള ഒന്നാണ് പ്രണയം. ഞാനിതുവരെ കാത്തിരുന്നത് നിന്നെ കണ്ടെത്താനാണ്. കണ്ടു, കണ്ടെത്തി, വിചാരിച്ചിരുന്നതു പോലെ അല്ലായെന്നു മാത്രം. ജീവിതമല്ലേ? അങ്ങനെ പലതും കാണേണ്ടി വരും."
"ഞാൻ തോറ്റിരിക്കുന്നു ലളിതേ.. എന്നോട് തന്നെ. എൻ്റെ മനസ്സിൽ എപ്പോളും നീയുണ്ടായിരുന്നു. നമ്മൾ തമ്മിൽ കണ്ടുമുട്ടണ്ടായിരുന്നു. സ്നേഹമില്ലാഞ്ഞിട്ടല്ല, സ്നേഹക്കൂടുതൽ കൊണ്ടാണ്. "
---------തുടരും-------------