ഇ കോളി ബാധ: കാല്‍ഗറി ഡേകെയറുകളിലെ ഷെയേര്‍ഡ് കിച്ചണുകളില്‍ പരിശോധന നടത്താന്‍ പ്രീമിയര്‍ ഉത്തരവിട്ടു 

By: 600002 On: Sep 16, 2023, 12:05 PM

 

 

കാല്‍ഗറി ഡേകെയറുകളിലെ കുട്ടികളില്‍ ബാധിച്ച ഇ കോളി ബാക്ടീരിയയുടെ ഉറവിടം പാചകശാലയാണെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്ന് നഗരത്തിലെ എല്ലാ ഡേകെയറുകളിലെയും ഷെയേര്‍ഡ് കിച്ചണ്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല് സ്മിത്ത്. 200 ല്‍ അധികം കുട്ടികള്‍ക്ക് ഇ കോളി ബാധിച്ചെന്ന് കരുതപ്പെടുന്ന പാചകശാല നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പരിശോധന നടത്തിയപ്പോള്‍ പാറ്റകളെയും വൃത്തിഹീനമായ അവസ്ഥയാണെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ പാചകശാലകളും പരിശോധിച്ച് അവലോകനം ചെയ്യാന്‍ സ്മിത്ത് ഉത്തരവിട്ടത്. ഇനി ഇത്തരത്തില്‍ കുട്ടികള്‍ക്ക് രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സ്മിത്ത് അറിയിച്ചു. 

കാല്‍ഗറിയില്‍ ഡേകെയറുകളില്‍ ഇ കോളി ബാധിച്ച് ചികിത്സയിലുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബങ്ങള്‍ക്കും ഒറ്റത്തവണയായി 2000 ഡോളര്‍ നല്‍കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ഒറ്റത്തവണ പേയ്മെന്റുകള്‍ക്ക് ഏകദേശം 2.5 മില്യണ്‍ ഡോളര്‍ ചെലവാകുമെന്ന് ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസ് വ്യക്തമാക്കി.