ഒന്റാരിയോയില്‍ മുന്‍ വര്‍ഷങ്ങളില്‍ ശസ്ത്രക്രിയകള്‍ക്കും എംആര്‍ഐ, സിടി സ്‌കാനുകള്‍ക്കുമായി കാത്തിരിക്കുന്നതിനിടെ 11,000 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാത്തിരിപ്പ് സമയത്തിനിടെ രോഗം മൂര്‍ച്ഛിച്ച് ഗുരുതരമാകുന്നതോടെയാണ് മിക്കവരും മരണത്തിന് കീഴടങ്ങിയത്. പ്രവിശ്യയിലെ സര്‍ജിക്കല്‍ വെയ്റ്റ്‌ലിസ്റ്റില്‍ 200,000 ത്തിലധികം പേരുണ്ടെന്നാണ് കണക്കുകള്‍.
ആശുപത്രികളില്‍ ജീവനക്കാരുടെ കുറവാണ് രോഗികളുടെ ദീര്‍ഘ കാത്തിരിപ്പ് സമയത്തിന് കാരണമാകുന്നതെന്ന് CUPE യുടെ ഒന്റാരിയോ കൗണ്‍സില്‍ ഓഫ് ഹോസ്പിറ്റല്‍ യൂണിയന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി ജീവനക്കാരുടെ ഒഴിവുകള്‍ ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ 3700 തസ്തികകളാണ് നികത്തപ്പെടാതെ കിടക്കുന്നത്.
കഴിഞ്ഞ വര്‍ഷം 2,000 പേരാണ് ശസ്ത്രിക്രിയകള്‍ക്കായുള്ള കാത്തിരിപ്പ് സമയത്തിനിടെ മരണപ്പെട്ടത്. എംആര്‍ഐ, സിടി സ്‌കാനുകള്‍ക്കായുള്ള കാത്തിരിപ്പിനിടയില്‍ 9,400 രോഗികളാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.