എഐ നിയന്ത്രണം: റെസ്‌പോണ്‍സിബിള്‍ അപ്രോച്ച് സ്വീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ടെക് ഓര്‍ഗനൈസേഷന്‍ 

By: 600002 On: Sep 16, 2023, 9:02 AM

 

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് സെന്‍സിറ്റീവായ എന്നാല്‍ വേഗത്തിലുള്ള സമീപനം സ്വീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് 150 ലധികം കനേഡിയന്‍ ടെക് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഓര്‍ഗനൈസേഷന്‍. ആഗോള എഐ മേഖലയില്‍ മുന്‍നിര ശക്തിയാകാന്‍ കാനഡയ്ക്ക് അവസരമുണ്ടെന്നും എന്നാല്‍ എഐ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്നും കൗണ്‍സില്‍ ഓഫ് കനേഡിയന്‍ ഇന്നൊവേറ്റേഴ്‌സ്(CCI)  പറയുന്നു. 

എഐ മേഖല നിലവില്‍ 299 ബില്യണ്‍ മൂല്യമുള്ളതാണ്. 2030 ഓടെ 2 ട്രില്യണ്‍ ഡോളറില്‍ മൂല്യമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും എഐ സാങ്കേതികവിദ്യയുടെ അപകടകരമായ വശങ്ങളും കൂടി തിരിച്ചറിഞ്ഞ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കൂടി സമന്വയിപ്പിച്ച് ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് സിസിഐ വ്യക്തമാക്കി. ഉപയോക്തൃ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ടെക്‌സ്റ്റ്, ഇമേജുകള്‍, കോഡ്, മറ്റ് ഉള്ളടക്കം എന്നിവ സൃഷ്ടിക്കാന്‍ കഴിയുന്ന ജനറേറ്റീവ് എഐ സിസ്റ്റങ്ങളിലേക്കുള്ള താല്‍പ്പര്യം ജനങ്ങള്‍ക്കിടയില്‍ സമീപ മാസങ്ങളില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഓര്‍ഗനൈസേഷന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

എഐ ഉപയോഗിച്ചുള്ള നിരവധി തട്ടിപ്പുകളും ഉണ്ടാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങള്‍ക്ക് നല്‍കണമെന്നും ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുന്നു.