ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു: 'ടീം കാനഡ'  വ്യാപാര ദൗത്യം മാറ്റിവെച്ച് മേരി എന്‍ജി 

By: 600002 On: Sep 16, 2023, 8:07 AM

 

 


ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനെ തുടര്‍ന്ന് സ്വതന്ത്രവ്യാപാര കരാറിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ചര്‍ച്ചകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചതായി ഫെഡറല്‍ ട്രേഡ് മിനിസ്റ്റര്‍ മേരി എന്‍ജി അറിയിച്ചു. ഖലിസ്ഥാന്‍ വിഷയങ്ങളിലടക്കം ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം മാറ്റിവെയ്ക്കുന്നതെന്ന് മന്ത്രിയുടെ വക്താവ് ശാന്തി കോസെന്റിനോ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചര്‍ച്ചകള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്ന്മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. 

പ്രവിശ്യകളില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയിലേക്ക് അഞ്ച് ദിവസത്തെ 'ടീം കാനഡ'  വ്യാപാര ദൗത്യത്തിനായി ഒക്ടോബര്‍ 9 ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ തയാറെടുക്കുകയായിരുന്നു മേരി എന്‍ജി. 

ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ജി20 ഉച്ചകോടിക്കെതിരെ ഖലിസ്ഥാന്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിരുന്നു.