ഓര്‍ഡര്‍ ചെയ്യാതെ ആമസോണ്‍ വഴി എത്തിയത് 1000 കോണ്ടം: ഞെട്ടലില്‍ ഒന്റാരിയോ സ്വദേശിനി 

By: 600002 On: Sep 15, 2023, 1:19 PM

 

 

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാതെ 1000 ട്രോജന്‍ കോണ്ടം വീട്ടിലെത്തിയ ഞെട്ടലിലാണ് ഒന്റാരിയോയിലെ ചാപ്ലോയില്‍ താമസിക്കുന്ന ജോയല്‍ ഏംഗല്‍ഹാര്‍ട്ട് എന്ന യുവതി. കോണ്ടം അടങ്ങിയ 30 ഓളം ബോക്‌സുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് യുവതിയും ഭര്‍ത്താവും പറയുന്നു. തങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതെ എങ്ങനെ ഇത്രയും കോണ്ടം വീട്ടിലെത്തിയെന്ന് അറിയില്ലെന്ന് ഏംഗല്‍ഹാര്‍ട്ട് പറയുന്നു. 

ആമസോണില്‍ നിന്നും കോണ്ടം വീട്ടിലെത്തുന്നതായി ഇ മെയിലില്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് എന്തെങ്കിലും തട്ടിപ്പായിരിക്കുമെന്ന് വിചാരിച്ച് തങ്ങള്‍ സന്ദേശം അവഗണിച്ചു. എന്നാല്‍ വീട്ടില്‍ ഇത്രയും പെട്ടി കോണ്ടം എത്തിയപ്പോഴാണ് ഇത് കാര്യമാണെന്ന് മനസ്സിലായത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

പാക്കേജ് വന്ന സമയത്ത് ഏംഗല്‍ഹാര്‍ട്ടിന്റെ ഭര്‍ത്താവ് അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാല്‍ ഇത് സംബന്ധിച്ച് എന്തുചെയ്യണമെന്നറിയാതെ തങ്ങള്‍ കുഴപ്പത്തിലായിരിക്കുകയാണെന്ന് യുവതി പറഞ്ഞു.