കാനഡയില്‍ ക്രെഡിറ്റ് കാര്‍ഡ് കടം രണ്ടാം പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍: ഇക്വിഫാക്‌സ് 

By: 600002 On: Sep 15, 2023, 11:45 AM

 

 

ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും പലിശ നിരക്കിന്റെയും പശ്ചാത്തലത്തില്‍ സാമ്പത്തിക പിരിമുറുക്കം തുടരുന്നതിനിടെ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കാനഡയില്‍ ക്രെഡിറ്റ് കാര്‍ഡ് കടം വര്‍ധിച്ചതായി ഇക്വിഫാക്‌സ് കാനഡ റിപ്പോര്‍ട്ട്. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 10,740 കോടി ഡോളറില്‍ ക്രെഡിറ്റ് കാര്‍ഡ് കടം എത്തിയതായി ഇക്വിഫാക്‌സ് കാനഡ പറയുന്നു. രണ്ടാം പാദത്തില്‍ കനേഡിയന്‍ കണ്‍സ്യൂമര്‍ ഡെറ്റ് 2.4 ട്രില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകളിലെ ഗണ്യമായ വളര്‍ച്ചയും സബ്‌പ്രൈം, ഡീപ് സബ്‌പ്രൈം ഉപഭോക്താക്കള്‍ക്കിടയിലെ കടത്തിലെ വര്‍ധനയുമാണ് മോര്‍ട്ട്‌ഗേജ് ഇതര കടത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് അഡ്വാന്‍സ്ഡ് അനലിറ്റിക്‌സിന്റെ വൈസ് പ്രസിഡന്റ് റെബേക്ക ഓക്ക്‌സ് പറഞ്ഞു.