ഫിയോണ ചുഴലിക്കാറ്റ് നോവ സ്‌കോഷ്യയില്‍ ആഞ്ഞടിച്ച് ദുരന്തം വിതച്ചതിന് ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലീ എന്ന മറ്റൊരു ചുഴലിക്കാറ്റുകൂടി എത്തുകയാണ്. മാരിടൈംസ് ലക്ഷ്യമാക്കി ആഞ്ഞുവീശുന്ന ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില്‍ ഫണ്ടി ഉള്‍ക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ നോവ സ്‌കോഷ്യയിലെയും ന്യൂബ്രണ്‍സ്‌വിക്കിലെയും നിരവധി പ്രദേശങ്ങളില്‍ എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ന്യൂബ്രണ്‍സ്‌വിക്കിലെ ഗ്രാന്‍ഡ് മനന്‍, ഷാര്‍ലറ്റ് കൗണ്ടി,നോവ സ്‌കോഷ്യയിലെ ഡിഗ്ബി, യാര്‍മൗത്ത്, ഷെല്‍ബേണ്‍, ക്വീന്‍സ് എന്നീ കൗണ്ടികളിലും മുന്നറിയിപ്പ് ബാധകമായിരിക്കും.
ശനിയാഴ്ച നോവ സ്‌കോഷ്യയുടെയും ന്യൂബ്രണ്‍സ്‌വിക്കിന്റെയും തെക്ക് പടിഞ്ഞാറ് ഭാഗത്ത് ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ തയാറെടുപ്പുകള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും എമര്‍ജന്‍സി മെഷേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
കൊടുങ്കാറ്റിന്റെ ആദ്യഘട്ടങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത പ്രതീക്ഷിക്കുന്നതിനാല്‍ വീടുകളും മറ്റ് വസ്തുവകകളും സംരക്ഷിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രവചനങ്ങള്‍ നിരീക്ഷിക്കാനും അധികൃതരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏത് തരത്തിലുള്ള അപകടത്തിലാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.