നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (എൻജെഡിജി) കമ്പ്യൂട്ടർ സംവിധാനത്തിൽ ഇന്ത്യയുടെ സുപ്രീം കോടതി ഉടൻ ചേരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എൻജെഡിജിയിൽ ഡാറ്റ ഉൾപ്പെടുത്തുന്നത് ജുഡീഷ്യറിയുടെ മണ്ഡലത്തിനുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങൾ എൻജെഡിജിയിൽ ചേർക്കുന്നത് നിയമനടപടികൾ കൂടുതൽ വ്യക്തവും ഉത്തരവാദിത്തവും ഉളളതാക്കുമെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഒരൊറ്റ ക്ലിക്കിൽ ഇതുവരെ പൂർത്തിയാക്കാത്ത കേസുകളുടെ വിവരങ്ങൾ ആളുകൾക്ക് കാണാൻ കഴിയും. എൻഐസിയും സുപ്രീം കോടതിയുടെ ഇൻ ഹൗസ് ടീമും വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുവരെ, ഹൈക്കോടതികളുടെ തലം വരെ മാത്രം ഡാറ്റ ശേഖരിച്ചിരുന്ന പ്ലാറ്റ്‌ഫോമിലേക്ക് ഇനിമുതൽ സുപ്രീം കോടതി കേസുകളും തത്സമയം അപ്‌ലോഡ് ചെയ്യും. ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് എന്നത് 18,735 ജില്ലാ, സബോർഡിനേറ്റ് കോടതികളുടെയും ഹൈക്കോടതികളുടെയും ഉത്തരവുകൾ, വിധികൾ, കേസുകളുടെ വിശദാംശങ്ങളുടെ ഒരു ഡാറ്റാബേസ് ആണ്. ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനത്തോടെ സുപ്രീം കോടതിയും ഈ ഡാറ്റാബേസിൽ ഉൾപ്പെടും.