ഡീപ്‌ഫേക്ക് വീഡിയോ: ഒന്റാരിയോ സ്വദേശിക്ക് 11,000 ഡോളര്‍ നഷ്ടമായി 

By: 600002 On: Sep 14, 2023, 12:14 PM

 

 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇലോണ്‍ മസ്‌ക് എന്നിവരെ ഉള്‍പ്പെടുത്തിയ ഡീപ്‌ഫേക്ക് വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഒന്റാരിയോ സ്വദേശിക്ക് 11,000 ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രൂഡോ സംസാരിക്കുന്നത് പോലെ വ്യാജ വീഡിയോ നിര്‍മിച്ച് ആളുകളെ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയും ഇതുവഴി പണം തട്ടലുമാണ് ലക്ഷ്യം. 

നിക്ഷേപ പദ്ധതിയില്‍ താന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ട്രൂഡോ പറയുന്ന തരത്തിലാണ് വീഡിയോ. ഇത് കണ്ട് വിശ്വസിച്ച താന്‍ പണം നിക്ഷേപിക്കുകയായിരുന്നു. പിന്നീടാണ് താന്‍ തട്ടിപ്പിന് ഇരയായതായി അറിയുന്നതെന്ന് ബാരിയില്‍ താമസിക്കുന്ന വ്യക്തി പറയുന്നു. ഇത്തരത്തില്‍ നിരവധി ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുണ്ട്. വിശ്വാസയോഗ്യമല്ലാത്ത പ്ലാറ്റ്‌ഫോമുകളെ തിരിച്ചറിഞ്ഞ് ആളുകള്‍ തട്ടിപ്പിനിരയാകുന്നതില്‍ നിന്നും ജാഗ്രത പാലിക്കണമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

ഡീപ്‌ഫേക്കുകള്‍ നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നിക്കുകളാണ്. പ്രത്യേകിച്ച്, ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച വളരെ റിയലിസ്റ്റിക്കായതും, ആളുകളെ വിശ്വസിപ്പിക്കുന്നതും ബോധ്യപ്പെടുത്തുന്നതുമായ  സിന്തറ്റിക് മീഡിയ. ഈ അല്‍ഗോരിതങ്ങള്‍, നിലവിലുള്ള ഡാറ്റയില്‍ നിന്ന് മുഖഭാവങ്ങള്‍, ആംഗ്യങ്ങള്‍, സംസാരം എന്നിവ പോലുള്ള പാറ്റേണുകള്‍ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. പിന്നീട് ഒരു വ്യക്തിയുടെ രൂപവും പ്രവര്‍ത്തനങ്ങളും യഥാര്‍ത്ഥവും ആധികാരികവുമായി തോന്നുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നു. പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധിയുടെ ഒരു അവതാരമായിരിക്കും ഇതിലൂടെ രൂപപ്പെടുക.