കാനഡയിലെ ഭവന പ്രതിസന്ധി: പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Sep 14, 2023, 9:50 AM


 


കാനഡയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരമായി പ്രത്യേക പദ്ധതികള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ ഹൗസിംഗ് ആക്‌സിലേറേറ്റര്‍ ഫണ്ടിന് കീഴിലുള്ള മുനിസിപ്പല്‍ എഗ്രിമെന്റ്‌സ് ആണ് പ്രഖ്യാപിച്ചത്. ചെലവ് കുറഞ്ഞ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ട്രൂഡോ ലക്ഷ്യമിടുന്നത്. ഒന്റാരിയോ ലണ്ടനില്‍ പ്രഖ്യാപിച്ച 74 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇതിലൊന്ന്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,000 ലധികം ഭവ യൂണിറ്റുകള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും മറ്റ് ആയിരമെണ്ണം കൂടുതലായി നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നുണ്ട്. വരും മാസങ്ങളില്‍ ആവിഷ്‌കരിക്കുന്ന മള്‍ട്ടി പ്രോങ്ഡ് ഹൗസിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണിതെന്ന് ലിബറല്‍ പാര്‍ട്ടി പറയുന്നു. 

ഹൗസിംഗ് ആക്‌സിലറേറ്റര്‍ ഫണ്ട് വഴി കാനഡയിലുടനീളം 100,000 പുതിയ ഭവന യൂണിറ്റുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭവന പ്രതിസന്ധി പരിഹാരിക്കാനാകുന്ന പ്രശ്‌നമാണെന്ന് ട്രൂഡോ പ്രഖ്യാപന വേളയില്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാം. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ട്രൂഡോ ഔദ്യോഗികമായി ഫണ്ട് ആരംഭിച്ചത്. 

ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന ചടങ്ങില്‍ ട്രൂഡോയ്‌ക്കൊപ്പം ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസറും പങ്കെടുത്തു. കാഡയിലുടനീളം പദ്ധതി പിന്തുടരുന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ചെലവ് കുറഞ്ഞ വീടുകള്‍ ലഭിക്കുമെന്ന് ഷോണ്‍ ഫ്രേസര്‍ പറഞ്ഞു.