ആല്‍ബെര്‍ട്ടയിലെ ഭവന പ്രതിസന്ധി നേരിടാന്‍ 16 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

By: 600002 On: Sep 14, 2023, 9:03 AM

 

 

പ്രവിശ്യ നേരിടുന്ന പാര്‍പ്പിട പ്രതിസന്ധിക്ക് പരിഹാരമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഫോര്‍ഡബിള്‍ ഹൗസിംഗ് ഫെസിലിറ്റികള്‍ നവീകരിക്കാനും പുന: സ്ഥാപിക്കാനുമായി 16 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഉപയോഗത്തിലില്ലാത്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനും വേണ്ടി തുക ചെലവഴിക്കുമെന്ന് സീനിയര്‍ കമ്മ്യൂണിറ്റി, സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ ജെയ്‌സണ്‍ നിക്‌സണ്‍ കാല്‍ഗറിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മെയിന്റനന്‍സ് ഫണ്ടിംഗിനായി നീക്കിവെച്ച 94 മില്യണ്‍ ഡോളറിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക. അറ്റകുറ്റപ്പണികള്‍ക്കുള്ള മുന്‍ഗണന തീരുമാനിക്കാന്‍ ഹൗസിംഗ് പ്രൊവൈഡര്‍മാരുമായി ചേര്‍ന്ന് പ്രവൃത്തിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

കാല്‍ഗറിയിലെ ഭവന പ്രതിസന്ധി ലഘൂകരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ കാല്‍ഗറി സിറ്റി കൗണ്‍സില്‍ തയാറാെടുക്കുന്നതിനിടെയാണ് പ്രവിശ്യാ സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്.